വൈദ്യുത കമ്പികളിൽ ലോഹത്തോട്ടികൾ തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി കെഎസ്ഇബി .ലോഹത്തോട്ടികൾക്ക് പകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെഎസ്ഇബി നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടികൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്.ഫൈബറോ പിവിസിയോ ഉപയോഗിച്ചുള്ള തോട്ടികൾ ഇറക്കാനാണ് ധാരണ. ഇത്തരം ഇൻസുലേറ്റഡ് തോട്ടികൾ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ നിർമിക്കും. ഒരു തോട്ടിക്ക് 1860 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.സുരക്ഷിതമായി എങ്ങനെ ഇൻസുലേറ്റഡ‍് തോട്ടികളുണ്ടാക്കാമെന്ന് വിദഗ്ധാഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും നിർമാണം തുടങ്ങുക.മാസത്തവണയായും പണമടയ്ക്കാം. ഇപ്പോൾ ലോഹത്തോട്ടികൾ ഉപയോഗിക്കുന്നവർ അവ കെഎസ്ഇബിക്ക് നൽകിയാൽ പകരം തോട്ടികൾ നൽകും. തോട്ടി ഉപയോഗിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകട മരണങ്ങളുണ്ടായ അഞ്ച് സെക്ഷനുകളിലെ 50 ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടമായി നൽകുക.ലോഹത്തോട്ടികൾ തിരികെ നൽകാൻ സാധിക്കാത്തവർക്ക് തോട്ടിയുടെ വില മാസതവണ പോലെ വൈദ്യുതിബില്ലിൽ ചേർത്തുനൽകും. ഇൻസുലേറ്റഡ് തോട്ടിയുണ്ടാക്കുന്ന രീതി വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.