മുഖ്യമന്ത്രിയുമായി ഇന്ന് വിളിച്ച് ചേര്‍ക്കുന്ന ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കോട്ടയത്ത് കുടുംബവുമായി നിരാഹാരമിരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വ്യക്തമാക്കി. അര്‍ധരാത്രി സമരപന്തലുയരും. തിരുവോണ നാളില്‍ മണ്ണുവിളമ്പി സദ്യയൊരുക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു.
സമരം ഏകോപിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് അംഗീകൃത തൊഴിലാളിസംഘടനകളെ വിളിച്ചിട്ടുണ്ട്. 250 കോടി രൂപയുടെ സഹായധനം കരുതിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിപരിഷ്‌കരണത്തിലൂടെ ചെലവ് കുറയ്ക്കണമെന്ന നിബന്ധന ധനവകുപ്പും മാനേജ്‌മെന്റും മുന്നോട്ടുവെച്ചിരുന്നു. മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നുതവണ ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പായില്ല. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെടുന്നത്.
ഇതിനകം ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം വിതരണം ചെയ്തിട്ടുണ്ട്. 24,477 സ്ഥിര ജീവനക്കാര്‍ക്ക് 75 ശതമാനം ശമ്പളം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. 55.87 കോടി രൂപയാണ് ശമ്പള വിതരണത്തിനായി അനുവദിച്ച് കിട്ടിയ തുക.
ഇതില്‍ ഏഴ് കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. 838 സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം ലഭ്യമായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുമായി ഇന്ന് മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ശമ്പള വിതരണം നടത്തിയത്.