ശ്രീകണ്ഠപുരം: കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ജനുവരി 16 ഞായറാഴ്ച പുലര്‍ച്ചയോടെ സമാപിക്കും.ശനിയാഴ്ച വൈകീട്ട് ഊട്ടും വെള്ളാട്ടവും രാത്രി ഒമ്ബതിന് തിരുവപ്പനയും കെട്ടിയാടും.രാത്രിയോടെ തിരുവപ്പനയുടെ സമാപന ചടങ്ങുകള്‍ തുടങ്ങും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോല്‍ കരക്കാട്ടിടം വാണവരെ ഏല്‍പിക്കും.ശുദ്ധികര്‍മത്തിനുശേഷം വാണവരുടെ അനുവാദംവാങ്ങി മുടിയഴിക്കും.മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടര്‍ന്ന് ഭക്തജനങ്ങളും വാണവരും പാടിയില്‍നിന്ന് പടിയിറങ്ങും.ഞായറാഴ്ച രാവിലെ അഞ്ഞൂറ്റാന്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങും.തുടര്‍ന്ന് മുത്തപ്പനെ മലകയറ്റല്‍ ചടങ്ങുമുണ്ടാവും.ഉത്സവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചന്തന്‍ നടത്തുന്ന കരിയടിക്കലോടെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാകും. കഴിഞ്ഞ മാസം 24ന് ആരംഭിച്ച മഹോത്സവത്തിന് നിരവധി ഭക്തജനങ്ങളാണ് പാടിയിലെത്തിയത്.ഉത്സവദിനങ്ങളില്‍ വൈകീട്ട് 3.30ന് ഊട്ടും വെള്ളാട്ടവും രാത്രി 7.30 മുതല്‍ തിരുവപ്പനയുടെ ചടങ്ങുകളും തിരുവപ്പനക്ക് ശേഷം വെള്ളാട്ടവും ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. എല്ലാ വര്‍ഷവും 30 ദിവസങ്ങളില്‍ നടത്തിയിരുന്ന ഉത്സവം ഈ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ 24 ദിവസം മാത്രമാണ് നടത്തുന്നത്.