പാനൂർ : ആധുനിക സൗകര്യങ്ങളോടെ ചെണ്ടയാട് നിള്ളങ്ങലിൽ പണി പൂർത്തിയാക്കിയ കുന്നോത്തുപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം 25-ന് വൈകീട്ട് നാലിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ. അധ്യക്ഷനാവും.കെ.മുരളീധരൻ എം.പി., വി.ശിവദാസൻ എം.പി., കെ.കെ.ശൈലജ എം.എൽ.എ. എന്നിവർ പങ്കെടുക്കും.2020 സെപ്‌റ്റംബറിൽ ആരോഗ്യമന്ത്രിയും കൂത്തുപറമ്പ് മണ്ഡലം എം.എൽ.എ. യുമായിരുന്ന കെ.കെ ശൈലജയാണ് കെട്ടിടത്തിന് ശിലയിട്ടത്. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം എൻ.എച്ച്.എം.ആർ.ഒ.പി.യിൽ ഉൾപ്പെടുത്തി 2.17 കോടി രൂപയും ആർദ്രം പദ്ധതിയിൽനിന്ന് 15 ലക്ഷവും കെട്ടിടനിർമാണത്തിനായി അനുവദിച്ചിരുന്നു.
കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരിയിൽ സായാഹ്ന ഒ.പി. തുടങ്ങി 785-ഓളം പേർക്ക് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ മുടക്കമില്ലാതെ നൽകുന്നുണ്ട്. ജനറൽ ഒ.പി.യും ആരോഗ്യവിദ്യാഭ്യാസവും കൗൺസലിങ്ങും സ്കൂൾ ആരോഗ്യ സേവനങ്ങളും നൽകിവരുന്നു. നിലവിൽ നാലു ഡോക്ടർമാർ, രണ്ടു ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ 10 ജീവനക്കാരും 36 ആശാവർക്കർമാരുമുണ്ട്. ദിവസവും 90 മുതൽ 150 വരെ രോഗികൾ ചികിത്സയ്ക്കായി എത്തുന്നുമുണ്ട്.
പുതിയ സേവനങ്ങൾ
ലാബ്, ഇ.സി.ജി, ശ്വാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്, ആഴ്ചയിൽ ഒരുദിവസം കാഴ്ചപരിശോധന, ദിവസവും എൻ.സി.ഡി. ക്ലിനിക്ക്, വയോജന ,കൗമാര ആരോഗ്യ പരിപാലനം, ആംബുലൻസ് സേവനം, ആരോഗ്യ പ്രതിരോധ പ്രവർത്തനം. രാവിലെ 8.30 മുതൽ വൈകീട്ട് ആറ് വരെ ആരോഗ്യകേന്ദ്രത്തിന്റെ സേവനം ലഭ്യമാകും.
1988 ജനുവരി 17-ന് പി.ആർ. കുറുപ്പ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ മന്ത്രി എ.സി.ഷൺമുഖദാസാണ് നിള്ളങ്ങലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് തറക്കല്ലിട്ടത്.മന്ത്രപ്പൊയിൽ ആണ്ടി (96 സെന്റ്), കട്ടാളിൽ അഹമ്മദ് ഹാജി (നാല് സെന്റ് ) എന്നിവരാണ് സ്ഥലം സംഭാവന ചെയ്തത്.എം.ഗോപാലൻ നമ്പ്യാർ, കെ.പി.വി.ബാബു, നങ്ങാറമ്പന്റ വിട കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്.