/
10 മിനിറ്റ് വായിച്ചു

സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ വരം കെ വി റാബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക് നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ ‘വരം പുരസ്കാര’ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ സാമൂഹികപ്രവർത്തക കെ വി റാബിയയെ തെരെഞ്ഞെടുത്തു.പോളിയോബാധിതയായ  കെ വി റാബിയ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും  അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ,സാംസ്കാരിക,സാമൂഹിക രംഗത്ത് സജീവമായിരുന്നത്. അശണരുടെ സാമൂഹികനീതിക്ക് വേണ്ടി ഭീഷണികളെ പോലും വകവെക്കാതെ പൊരുതിയ കെ വി റാബിയ സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി. കാലിക്കറ്റ് ,മലയാളം യൂണിവേഴ്സിറ്റികളിലെ പി.ജി. പഠനത്തിന് കെ.വി റാബിയയുടെ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകം പാഠ്യവിഷയമാണ്. ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ. മുൻ വർഷങ്ങളിൽ മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി, മുൻ ഭിന്നശേഷി കമ്മിഷണർ ഡോ.ജി.ഹരികുമാർ, മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവരായിരുന്നു വരം പുരസ്കാരത്തിനർഹരായവർ.ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് ഡപ്യൂട്ടി ഡയരക്ടർ സി. അയ്യപ്പൻ, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ.അൻവർ ഹുസൈൻ, ആരോഗ്യവകുപ്പ് അസി.ഡയരക്ടർ ഡോ.വി. വിനോദ്, കോമ്പോസിറ്റ് റീജ്യണൽ സെൻ്റർ കോഴിക്കോട്  ഡയറക്ടർ ഡോ. റോഷൻ ബിജിലി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.ഡിസംബർ 18 ന് മലയാളം സർവകലാശാലയിൽ വെച്ച് നടക്കുന്ന  ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ തുഞ്ചത്തെഴുത്തഛൻ മലയാളം സർവകാലാശാല വൈസ് ചാൻസലർ ഡോ: അനിൽ വളളത്തോൾ അദ്ധ്യക്ഷനാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version