//
12 മിനിറ്റ് വായിച്ചു

‘പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ’, തൃക്കാക്കരയിൽ ഇടതിനൊപ്പം,ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്

കൊച്ചി:  പിടി തോമസിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. ‘താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്’. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.എന്നെക്കാളും കൂടുതൽ തവണ മത്സരിച്ചവരും പ്രായമായവരും പാർട്ടിയിൽ പദവികൾ വഹിക്കുന്നുണ്ട്. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോൽവിയും നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്കിൽ തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയിൽ ആണ് കോൺഗ്രസ്‌ പോകുന്നത് എങ്കിൽ ദേശീയ തലത്തിൽ  വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെവി തോമസ് കൂട്ടിച്ചേർ‍ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!