കണ്ണൂർ : നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കൊണ്ടുള്ള ശല്യം വർധിച്ചതോടെ കോർപ്പറേഷൻ കന്നുകാലിവളർത്തുന്നവരുടെ യോഗം വിളിക്കുന്നു. ബുധനാഴ്ച 11 മണിക്ക് കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് യോഗം.യോഗത്തിൽ കന്നുകാലി ഉടമകൾക്കുവേണ്ട നിർദേശങ്ങൾ നൽകും. തുടർന്ന് കർശനനടപടി സ്വീകരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പയ്യാമ്പലത്ത് പശുക്കൾ അക്രമാസക്തരാകുകയും കുത്തേറ്റ് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നഗരസഭാധികൃതരും പോലീസുമൊക്കെ സ്ഥലത്തെത്തേണ്ടിവന്നു. ശനിയാഴ്ച വൈകിട്ട് ഒരു പശു പേയിളകിയാണ് അക്രമം നടത്തിയത്. ഇതിനെ മരുന്ന് കുത്തിവച്ച് കൊല്ലുകയായിരുന്നു. ഞായറാഴ്ച ആളുകളെ കുത്തിപ്പരിക്കേൽപ്പിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്ത പശുവിനെ കോർപ്പറേഷന്റെ തൊഴുത്തിലേക്ക് മാറ്റി.അലഞ്ഞുതിരിയുന്ന കന്നുകാലികൾ കണ്ണൂർ നഗരത്തിന്റെ വർഷങ്ങളായുള്ള കാഴ്ചയാണ്. ഉടമസ്ഥർ അഴിച്ചുവിടുന്ന ഇവ നഗരത്തിൽ ഗതാഗത സ്തംഭനമുണ്ടാക്കുന്നതും സ്ഥിരം കാഴ്ചയാണ്. പലപ്പോഴും കന്നുകാലിക്കൂട്ടം അപകടങ്ങളും വരുത്തിവയ്ക്കാറുണ്ട്. ഇവയ്ക്ക് വണ്ടിയിടിച്ച് പരിക്കേൽക്കാറുമുണ്ട്. പശുക്കൾ അപകടം വരുത്തിയാലോ ആളുകളെ ആക്രമിച്ചാലോ ഉടമകളാരും വരാറില്ല.
പിഴ 2,500 രൂപ
ഒരു പശുവിനെ പിടിച്ച് കോർപ്പറേഷന്റെ തൊഴുത്തിലെത്തിച്ചാൽ 1,500 രൂപയാണ് കൂലി. 2,500 രൂപയാണ് പിഴയീടാക്കുന്നത്.ഇതിനുപുറമെ ഒരുദിവസത്തേക്ക് 500 രൂപ വച്ച് സംരക്ഷണത്തിനുള്ള പൈസയും ഉടമകളിൽനിന്ന് ഈടാക്കും.ആരും വന്നില്ലെങ്കിൽ ലേലംചെയ്ത് വിൽക്കും. അടുത്ത ദിവസങ്ങളിൽ നടപടി കർശനമാക്കാനാണ് കോർപ്പറേഷൻ തീരുമാനം.