മയ്യിൽ | പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ, സുഹൃത്തായ ലോഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരി പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) ആണ് സുഹൃത്തും മയ്യിൽ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐയുമായ എ ദിനേശന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴരമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിനേശൻ പൊലീസ് കസ്‌റ്റഡിയിൽ ആണ്. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് കാലമായി ജോലിക്ക് പോകാറില്ല. തലക്കും ശരീരത്തിലും മർദനമേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകം ആണെന്ന് സംശയിക്കുന്നതായി മയ്യിൽ പൊലീസ് പറഞ്ഞു.
മയ്യിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം.
പരേതനായ കുഞ്ഞപ്പ-ലീല ദമ്പതികളുടെ മകനാണ് സജീവൻ. അങ്കണവാടി വർക്കറായ ഗീതയാണ് ഭാര്യ. മക്കൾ: ശ്വേത (നഴ്സിങ് സ്റ്റുഡന്റ്, ബംഗളൂരു), ശ്രേയ (വിദ്യാർഥി). സഹോദരങ്ങൾ: പുഷ്പജൻ, മാലതി, ശോഭ, അനിത, അജിത.