എടക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എടക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 പഞ്ചായത്ത് കേന്ദ്രങ്ങളിൽ മഴ മാപിനി സ്ഥാപിച്ചു. എടക്കാട് മേഖലയിൽ ഓരോ പ്രദേശത്തും ഓരോ ദിവസവും പെയ്യുന്ന മഴ എത്രയെന്ന് കണ്ടെത്താനാണ് മഴ മാപിനി സ്ഥാപിച്ചത്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, ചെമ്പിലോട്, എടക്കാട് സോണൽ എന്നീ കേന്ദ്രങ്ങളിൽ മഴ മാപിനികൾ സ്ഥാപിച്ചത്. കടമ്പൂർ പഞ്ചായത്തിലെ മഴ മാപിനി കടമ്പൂർ ദേവി വിലാസം സ്കൂളിലും മുഴപ്പിലങ്ങാട് പഞ്ചായത്ത് മഴ മാപിനി മഠം അംബേദ്കർ ലൈബ്രറിയിലും, പെരളശ്ശേരി പഞ്ചായത്ത് മഴ മാപിനി മാവിലായി യു പി സ്കൂളിലും, ചെമ്പിലോട് പഞ്ചായത്ത് മഴ മാപിനി ആർ വി മെട്ട നെസ്റ്റ് ലൈബ്രറിയിലും, എടക്കാട് സോണലിൽ കിഴുന്ന സൗത്ത് യു പി സ്കൂളിലും തോട്ടടയിലുമാണ് സ്ഥാപിച്ചത്.
ദിവസവും രാവിലെ 8 മണിക്ക് കേന്ദ്രങ്ങളിൽ നിന്ന് മഴയുടെ അളവ് പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ വഴി ശേഖരിച്ച് പരിഷത്തിൻ്റെ പ്രവർത്തകർ ജില്ലാ കേന്ദ്രത്തിൽ അറിയിക്കും. നിശ്ചിത അളവിലും മഴ കൂടിയാൽ ആവശ്യമായ സുരക്ഷ നടപടികൾ പ്രാദേശിക സർക്കാരിന് ചെയ്യാൻ സാധിക്കും. ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിന്റെൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിക്കുന്ന മഴ മാപിനിയുടെ വിതരണ ഉദ്ഘാടനം പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ മാവിലായി യുപി സ്കൂൾ ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ എൻ വി രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. മകെ കെ സുഗതൻ ഴമാപിനി പരിചയപ്പെടുത്തലും പദ്ധതി വിശദീകരണവും നടത്തി. പിടിഎ പ്രസിഡണ്ട് എം വിനീഷ്, എം ബാലസുബ്രഹ്മണ്യൻ, വി വി സ്മിജ, വിദ്യാവിജയൻ തുടങ്ങിയവർ സംസാരിച്ചു. മറ്റു കേന്ദ്രങ്ങളിൽ മേഖലാ സെക്രട്ടറി എ പി സജീന്ദ്രൻ ,പ്രസിഡണ്ട് വി വി റിനേഷ് ,യൂറിക്കാ മാസിക എഡിറ്റോറിയൽ ബോർഡ് അംഗം എം പി സനിൽകുമാർ എന്നിവരാണ് മാപിനി സ്ഥാപിച്ചത്. കെ സി വിനോദൻ ,എം എസ് ആനന്ദ് ,ജനു ആയിച്ചാൻകണ്ടി, സതീഷ് ശ്രീമന്ദിരം, എം ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു.