കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗം നിരോധിച്ചു. വിഡിയോകൾ, പാട്ടുകൾ തുടങ്ങി മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ഒന്നും ബസിനുള്ളിൽ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുട കാര്യാലയം പ്രസ്താവിച്ചു.നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും. ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തിൽ വിഡിയോ, ഗാനങ്ങൾ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്.ബസിനുള്ളിൽ യാത്രക്കാർ തമ്മിൽ അനാരോഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആർടിസിയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി നിരോധനം ഏർപ്പെടുത്തിയത്.