വമ്പന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടും തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയിലായി മുന്നണികള്‍. 68.75 % ആണ് പോളിംഗ് ശതമാനം. മണ്ഡലത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണിത്. 2011 ല്‍ 73.62 ശതമാനമായിരുന്നു പോളിംഗ്. 2016 ല്‍ 74.65 ഉം 2021 ല്‍ 70.36 ശതമാനവും.മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളുമെല്ലാം മണ്ഡലത്തിലെത്തി ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും ഇത്തവണ പോളിംഗ് ശതമാനം കുറയുകയാണുണ്ടായത്. രാവിലെ ശക്തമായ പോളിംഗ് നടന്നിരുന്നു. ഉച്ചയോടെ പകുതിയിലധികം പേരും വോട്ട് രേഖപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ അവസാന മണിക്കൂറുകളില്‍ പോളിംഗ് ഉയരുന്നതായിരുന്നു മണ്ഡലത്തിൽ പതിവ്. ഇതിനാല്‍ 75 ശതമാനത്തിന് മുകളില്‍ പോളിംഗ് ഉണ്ടാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ 70 ശതമാനം കടക്കാതെയാണ് പോളിംഗ് അവസാനിച്ചത്.പോളിംഗ് കുറഞ്ഞ സാഹചര്യത്തില്‍ ബിജെപി പിടിക്കുന്ന വോട്ടുകളും ട്വന്റി 20 വോട്ടുകള്‍ എങ്ങോട്ട് ചായുമെന്നതും മണ്ഡലത്തില്‍ നിര്‍ണായകമാവും. 1,96,805 വോട്ടർമാരിൽ 1,35,319 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 68,167 സ്ത്രീകളും 67,152 പുരുഷൻമാരും ഏക ട്രാൻസ് ജെൻഡറും മണ്ഡലത്തിൽ വോട്ട് ചെയ്തു. വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോങ് റൂമിലേക്ക് ബാലറ്റ് യൂണിറ്റുകൾ മാറ്റിയിട്ടുണ്ട്. മറ്റന്നാളാണ് വോട്ടെണ്ണൽ.