കണ്ണൂര്‍: ഭാരത വിഭജനത്തിന് കാരണമായത് ഒരു വിഭാഗം നേതാക്കളുടെ അധികാര മോഹമായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന്. ഭാരതം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരാള്‍ക്ക് മാത്രമേ അധികാരത്തിന്റെ തലപ്പത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു. അതിനാലാണ് അധികാര മോഹികള്‍ ഭാരതത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി വിഭജിച്ചത്. കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ബിജെപി സംഘടിപ്പിച്ച വിഭജന സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ 1921 ലെ ഖിലാഫത്ത് സമരം ഭാരത ജനത ഒറ്റക്കെട്ടായാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഖിലാഫത്ത് സമരത്തോടെ ഭാരതത്തില്‍ മതപരമായ ചേരിതിരിവുണ്ടായി. ലോകത്തിന്റെ ഒരു ഭാഗത്തും ശ്രദ്ധിക്കപ്പെടാതെ പോയ ഖിലാഫത്ത് സമരം ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായക്കിയതിനെ അന്ന് ജിന്ന പോലും അനുകൂലിച്ചിരുന്നില്ല എന്നതാണ് ചരിത്രം. എന്നാല്‍ ചില നേതാക്കള്‍ ഖിലാഫത്തിനെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തിന്റെ ഭാഗമാക്കിയതോടെ ചില വിഭാഗങ്ങളില്‍ ചേരിതിരിവുണ്ടാവുകയും അത് ഭാരതത്തിന്റെ വിഭജനത്തില്‍ കലാശിക്കുകയും ചെയ്തു.
മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് പാക്കിസ്ഥാന് രൂപീകരിച്ചതോടെ നാളിതുവരെ ലോകം ദര്‍ശിക്കാത്ത അഭയാര്‍ത്ഥി പ്രവാഹമാണ് കണ്ടത്. 15 കോടി പേരാണ് വീട് നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായത്. ആറ് ലക്ഷത്തോളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ആരും അതിനെ തടയാന്‍ തുനിഞ്ഞില്ല. എന്നാല്‍ ഹിന്ദുകളുടെ ഭാഗത്തു നിന്ന് ചെറിയെ ചെറുത്ത് നില്പുണ്ടായപ്പോള് തന്നെ ചില നേതാക്കള്‍ സമാധാന സന്ദേശവുമായി മുന്നിട്ടിറങ്ങി. നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ വിഭജനത്തെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എ. ദാമോദരന്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ പി. സത്യപ്രകാശ്, അഡ്വ. ശ്രീധര പൊതുവാള്, സി. നാരായണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്. സുരേഷ് സ്വാഗതവും ബിജു ഏളക്കുഴി നന്ദിയും പറഞ്ഞു.
യു.ടി. ജയന്തന്, വിജയന് വട്ടിപ്രം, രാജന് പുതുക്കുടി, ടി.സി. മനോജ്, റീന മനോഹരന്, അഡ്വ. ശ്രദ്ധ രാഘവന്, സ്മിത ജയമോഹന് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് നിന്നാരംഭിച്ച മൗനജാഥ മഹാത്മ മന്ദിരത്തില്‍ സമാപിച്ചു