/
10 മിനിറ്റ് വായിച്ചു

‘ദേവികുളം സബ് കളക്ടർ തെമ്മാടിയാണ്’; അധിക്ഷേപ പരാമർശവുമായി എം എം മണി

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്കെതിരെ അധിക്ഷേപ പ്രസം​ഗവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. ദേവികുളം സബ് കളക്ടർ തെമ്മാടിയാണെന്നായിരുന്നു എംഎൽഎയുടെ അധിക്ഷേപം.

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമ്പോൾ സബ് കളക്ടർ അത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും എംഎം മണി ആരോപിച്ചു. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ദേവികുളം ആർഡിഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി.

‘മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണ്. ഇത് യുപി അല്ല കേരളമാണ്. യുപിയിൽ ദളിതർ ഉൾപ്പെടെയുളള സ്ത്രീകളെ ബലാത്സം​ഗം ചെയ്ത് കെട്ടിത്തൂക്കുകയാണ്. അവിടുന്ന് വന്ന സബ് കളക്ടർ ഭൂവിഷയങ്ങളിൽ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങും,’ എം എം മണി പറഞ്ഞു.

ജില്ലയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സബ് കളക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശം അവ​ഗണിച്ച സബ് കളക്ടർ മുഖ്യമന്ത്രി മൈതാന പ്രസം​ഗം നടത്തിയാൽ മതിയെന്ന് പറഞ്ഞുവെന്ന് സിപിഐഎം ആരോപിക്കുന്നു.

ഇതിൽ പ്രതിഷേധിച്ചായിരുന്നു സിപിഐഎം മാർച്ച്. ദേവികുളം ഇറച്ചിപ്പാറയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ആര്‍ഡിഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെവി ശശി, വിഎന്‍ മോഹനന്‍, ഷൈലജ സുരേന്ദ്രന്‍, ദേവികുളം എംഎല്‍എ അഡ്വ. എ രാജ, ഏരിയ സെക്രട്ടറി കെകെ വിജയന്‍ എന്നിവര്‍ മാർച്ചിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!