കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഐഎം നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ എം.വി.ഗോവിന്ദന് വിമര്‍ശിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ട് എന്നതുകൊണ്ട് മാത്രം ആരും മാര്‍ക്സിസ്റ്റാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമര്‍ശനം.
മാര്‍കിസ്റ്റ് ആവണമെങ്കില്‍ സാമാന്യ പ്രത്യയശാസ്ത്ര ബോധം വേണം.വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ച് ബോധം വേണം. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം.ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍ക്സിസ്റ്റ് ആകാന്‍ തുടങ്ങുകയെന്ന് എം വി ഗോവിന്ദന് ഓര്‍മിപ്പിച്ചു.
‘പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ പകര്‍ത്തില്ല.ശുദ്ധ അംബന്ധത്തിലേക്ക് , തെറ്റായ നിലപാടിലേക്ക് വഴുതി മാറുന്നു.എന്നിട്ട് ഇന്നയാള് കമ്യൂണിസ്റ്റ് മെമ്പറാണ് എന്ന പേരുദോഷം നമ്മള് കേള്‍ക്കാനിടയാകുന്നു’. എം വി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ. ഇരട്ടനരബലിക്കേസും ഭഗവല്‍ സിങ്ങിനെയും പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.