മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈൻ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. കല്യാൺ ടൗണിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ഡിസ്ചാർജ് ചെയ്തതായി കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) കമ്മീഷണർ വിജയ് സൂര്യവൻഷി പറഞ്ഞു.
“അണുബാധ നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, അദ്ദേഹത്തിന്റെ രണ്ട് ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി, രണ്ടും നെഗറ്റീവ് ആയി. അദ്ദേഹത്തിന് ഇപ്പോൾ സുഖമായിരിക്കുന്നു, രോഗലക്ഷണങ്ങളൊന്നുമില്ല,” വിജയ് സൂര്യവൻഷി പറഞ്ഞു. നവംബർ അവസാനവാരമാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ എത്തിയത്. മുംബൈയ്ക്കടുത്തുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ ഏരിയയിൽ താമസിക്കുന്ന ഇയാൾ വാക്‌സിൻ എടുത്തിരുന്നില്ല. ഇയാളുടെ സ്രവ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 10 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.