മുന്‍ എം പി സുരേഷ് ഗോപി കോര്‍കമ്മിറ്റിയിലേക്ക് വരില്ലെന്ന് ബിജെപി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടെയെന്നാണ് മേജര്‍ രവി ചോദിക്കുന്നത്.സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.
രാജ്യസഭാ എംപിയായിരുന്ന സമയത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച സുരേഷ് ഗോപിയെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതിന് പകരം കേന്ദ്ര മന്ത്രിയാക്കുകയാണ് വേണ്ടതെന്ന് മേജര്‍ രവി പരോക്ഷമായി പറഞ്ഞു.
‘കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടേ. ആറ് വര്‍ഷം രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപിയെ എനിക്ക് വളരെയധികം അടുത്തറിയാം. സുരേഷ് ഗോപി കോര്‍കമ്മിറ്റിയില്‍ വരണമെന്ന് ആഗ്രഹം പലര്‍ക്കും ഉണ്ടാവും.
അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമായി കോര്‍കമ്മിറ്റിയില്‍ എടുക്കുന്നത്. ശക്തമായ പദവിയില്‍ ഇരുന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവിനെ നിങ്ങള്‍ എന്തിനാണ് കോര്‍ കമ്മിറ്റിയില്‍ ഇരുത്തുന്നത്.’ മേജര്‍ രവി ചോദിച്ചു.
‘തേങ്ങയരച്ച് വെച്ചിട്ട് കാര്യമില്ല താളല്ലേ കറിയെന്നതാണ് എനിക്കും പറയാനുള്ളത്. സുരേഷ് ഗോപിയെ ശക്തമായ സ്ഥലത്തിരുത്തിയാല് അദ്ദേഹം പണിയെടുക്കും.’ മേജര്‍ രവി വ്യക്തമാക്കി.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മൊബൈലില്‍ കുത്തികളിക്കുന്നതാണ് കോര്കമ്മിറ്റിയെന്നും വിമര്‍ശനാത്മകമായി മേജര്‍ രവി ചൂണ്ടികാട്ടി.
‘നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതും ആധികാരികമായി തീരുമാനമെടുക്കാന്‍ കഴിയുന്നവരെയുമാണ് കോര്‍കമ്മിറ്റിയില്‍ എടുക്കുന്നത്. അവിടെ ഇരുന്ന് സന്ദീപ് വാര്യരെ പുറത്താക്കിയെന്ന് പറയാനല്ല ഒരാളെ വേണ്ടത്. വിശദീകരണം ചോദിക്കുമ്പോള്‍ കേന്ദ്രം പറഞ്ഞിട്ടാണെന്ന് പറയും. ഇപ്പോഴത്തെ നേതൃത്വം വളരെ മോശമാണ്. എത്രയോ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഇടപെട്ടിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം കാണുന്ന കുറച്ചാളുകള്‍ മാത്രമാണ് ബിജെപി നേതാക്കളായിട്ടുള്ളത്. 2019 ല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ കോണ്‍ഗ്രസില്‍ പോയെന്നാണ് പറഞ്ഞത്. കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ വരുന്നത് ഇവിടെത്തെ ബിജെപി നേതാക്കള്‍ക്ക് ഇഷ്ടമല്ല. കഴിവുള്ള നേതാക്കന്മാരെ അടുപ്പിച്ചിട്ടില്ല.’ എന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.
സംസ്ഥാന അധ്യക്ഷനായി നിര്ത്തേണ്ടയാളല്ല സുരേഷ് ഗോപിയെന്നും മേജര്‍ രവി പറഞ്ഞു. അദ്ദേഹത്തെ ഗ്രൗണ്ടിലേക്ക് ഇറക്കി ആളെ കൂട്ടണം. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയും. അണികള്‍ വെട്ടി മരിച്ച സമയത്ത് അവിടം സന്ദര്‍ശിച്ചിട്ട് ചിരിച്ചുകൊണ്ടുനിന്ന നേതാവിനെയാണ് താന്‍ കണ്ടത്. ഇതൊക്കെയാണ് അധ്യക്ഷന്റെ വികാരം.
ജനങ്ങളുടെ വികാരം നിങ്ങളുടെ കണ്ണിലും ഉണ്ടായിരിക്കണം. ജനങ്ങളെ മനസ്സിലാക്കണം. ചിരിക്കേണ്ടിടത്ത് ചിരിക്കണം. കരയേണ്ടിടത്ത് കരയണം. അതായിരിക്കണം അധ്യക്ഷനെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട സമയത്ത് വീട് സന്ദര്‍ശിച്ച സുരേന്ദ്രന് ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചാണ് മേജര്‍ രവിയുടെ പരാമര്‍ശം.