ഇന്ന് ജനുവരി 20. മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമയായിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്.കുസൃതി നിറഞ്ഞ ചിരിയും സംസാരവുമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ഒരുവർഷത്തിനിപ്പുറവും ആർക്കും സാധിച്ചിട്ടില്ല. 1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്. കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റുമാണ് വാർധക്യ കാലമെത്തുന്നതുവരെ അദ്ദേഹം ജീവിച്ചത്.കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവിൽ കഴിഞ്ഞത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കാറുണ്ട്. എകെജി അയച്ച കത്തുകള്‍ അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്നു.കഴിഞ്ഞ വർഷം കൊവിഡ് ബാധിതനായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനാഫലം നെഗറ്റീവായതിനു ശേഷം വീട്ടിലേക്ക് മാറി.എന്നാൽ തൊട്ടടുത്ത ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് തിരികെ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടി. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹസന്‍, രാജനീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബോളിവുഡ് താരം ഐശ്വര്യ റായിക്കൊപ്പവും സ്ക്രീനിലെത്തിയിട്ടുണ്ട്.