/
11 മിനിറ്റ് വായിച്ചു

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത്; മുംബൈയില്‍ മലയാളി അറസ്റ്റില്‍

രാജ്യത്തേക്ക് വൻ തോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി മുംബൈയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശി വിജിൻ വർഗീസാണ് ഡിആർഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ എത്തിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ ഏതാണ്ട് 1476 കോടി വിലവരുന്ന 198 കിലോ വീര്യം കൂടിയ ക്രിസ്റ്റൽ മെത്ത്, 9 കിലോ കൊക്കൈയ്ൻ എന്നീ ലഹരി മരുന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡിആർഐ പിടികൂടിയത്. ട്രക്കിൽ കടത്തുന്നതിനിടെ വഴിയിൽ തടഞ്ഞ് വച്ച് പിടികൂടുകയായിരുന്നു. വലൻസിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്ന് ലഹരി മരുന്ന് എത്തിച്ചത്.

എറണാകുളം സ്വദേശി വിജിൻ വർഗീസിന്‍റെ കമ്പനിയായ യമ്മി ഇന്‍റ്ർണാഷണൽ ഫുഡ്സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ വിജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആർഐ കസ്റ്റഡിയിൽ വാങ്ങി.

ചോദ്യം ചെയ്യലിനിടെ തന്‍റെ കൂട്ടാളിയെ കുറിച്ചും ഇയാൾ വിവരം നൽകിയിട്ടുണ്ട്. കാസർകോട് സ്വദേശിയായ മൻസൂ‍ർ തച്ചൻപറമ്പൻ എന്നയാളാണ് പിടികൂടിയ കൺസൈൻമെന്‍റ് എത്തിക്കാൻ മുൻകൈ എടുത്തത്. മുൻപ് പലവട്ടം മൻസൂറുമായി ചേർന്ന് പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 70,30 അനുപാതത്തിലാണ് ലാഭം പങ്കുവച്ചിരുന്നത്. മൻസൂർ ഒളിവിലാണ്. മോർ ഫ്രഷ് ഫുഡ്സ് എന്നൊരു പഴവർഗ ഇറക്കുമതി കമ്പനി ഇയാൾക്കുമുണ്ട്.

കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നതെന്ന് ഡിആർഐ പറയുന്നു. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയിൽ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.വിജിന്‍റെ സഹോദരനും യമ്മി ഇന്‍റർനാഷണൽ ഫുഡ്സ് എന്ന സ്ഥാപനത്തിന്‍റെ സഹ ഉടമയുമായ ജിബിൻ വർഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുടരുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!