മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.