കണ്ണൂർ: എ.ടി.എമ്മുകളിൽ എത്തുന്ന പ്രായമായവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഉദയഗിരി കുന്നേൽ വീട്ടിൽ ഷിജുരാജിനെയാണ് (31) പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പണം പിൻവലിക്കാൻ എത്തുന്ന പ്രായമായവരെ സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറിനുള്ളിൽ കയറി ഇവരുടെ കാർഡ് വാങ്ങി രഹസ്യ നമ്പർ കൈക്കലാക്കും. തുടർന്ന് ഇവരുടെ പണം എടുത്ത് നൽകും.എന്നാൽ, ഇവർക്ക് പകരം നൽകുന്നത് ഇയാളുടെ കൈവശമുള്ള മറ്റൊരു കാർഡായിരിക്കും. പലരും ഇത് ശ്രദ്ധിക്കില്ല. ഇങ്ങനെ കബളിപ്പിച്ചെടുക്കുന്ന കാർഡുകൾ ഉപയോഗിച്ച് മറ്റ് പലയിടങ്ങളിൽനിന്നും പണം പിൻവലിക്കുകയും ചെയ്യുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 30ൽപരം ആളുകൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാൾ ഏലപ്പാറ, മുണ്ടക്കയം വണ്ടിപ്പെരിയാർ, കുമളി തുടങ്ങിയ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തി.