മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു.
കൊലക്ക് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇത് വരെ വ്യക്തമല്ല.സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന ഫാസിലിന്‍റെ അടുത്തേക്ക് അക്രമികൾ പാഞ്ഞടുക്കുകയായിരുന്നു. അക്രമികളെ കണ്ട് ഓടിയ ഫാസിലിന് പിന്നാലെ ഓടിയാണ് അക്രമികൾ ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ചത്. മങ്കിക്യാപ് ധരിച്ചെത്തിയ നാലംഗ സംഘമാണ് ഫാസിലിനെ സ്വന്തം കടയുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
കടയിലുണ്ടായിരുന്നവരെ മരകായുധം കാണിച്ച് ഭയപ്പെടുത്തി അക്രമികൾ അവിടെ നിന്ന് രക്ഷപെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. പ്രവീണിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ജില്ലയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്.അക്രമികള്‍ പോയതിന് ശേഷം നാട്ടുകാര്‍ ഉടന്‍ തന്നെ ഫാസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
അതേസമയം സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ ,മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.