തളിപ്പറമ്പ് : സംസ്ഥാന പാത നവീകരണത്തിന്‍റെ ഭാഗമായി വീതികൂട്ടിയ മന്ന മുതല്‍ കപ്പാലം വരെയുള്ള റോഡ് മെക്കാഡം ടാറിങ് തുടങ്ങി.വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതല്‍ 14 വരെ ഏര്‍പ്പെടുത്തിയ ക്രമീകരണം സംബന്ധിച്ച് പി.ഡബ്ല്യു.ഡി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം ശ്രീകണ്ഠപുരം, ആലക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കപ്പാലം വ്യാപാരഭവന്‍, രാജരാജേശ്വര ക്ഷേത്രം, ആടിക്കുംപാറ, കാര്യാമ്പലം, സെയ്ദ് നഗറിലെത്തി ആലക്കോട്ടേക്കും ശ്രീകണ്ഠപുരത്തേക്കുള്ള വാഹനങ്ങള്‍ മന്നയിലെത്തിയും പോകണം. ആലക്കോട് ഭാഗത്തുനിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ മന്ന ജങ്ഷനില്‍നിന്ന് ചിന്മയ മിഷന്‍ സ്കൂള്‍, പൂക്കോത്ത്നട വഴി തളിപ്പറമ്പിലേക്കും ശ്രീകണ്ഠപുരം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ സര്‍ സയ്യിദ് കോളജ് വഴി ഭ്രാന്തന്‍കുന്ന്, തൃച്ചംബരം അമ്പലം വഴി ദേശീയ പാതയിലെത്തി തളിപ്പറമ്പിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.ബുധനാഴ്ച രാവിലെ മുതല്‍ കപ്പാലത്തു നിന്നാണ് ടാറിങ് ആരംഭിച്ചത്. 14ന് ടാറിങ് പൂര്‍ത്തിയാകും.