കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രി സാധനമെന്ന് കരുതി സ്റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്ലാമാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്.ജൂലെെ ആറിന് മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലായിരുന്നു സംഭവം. അസം സ്വദേശികളായ ഫസൽ ഹഖും മകൻ ഷഹിദുൽ ഇസ്‌ലാമുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനമുണ്ടായ ദിവസം ഷഹിദുൾ ആക്രി സാധനങ്ങൾ ശേഖരിക്കാൻ പോയത് ചാവശേരി ഇരിട്ടി റോഡിലാണ്. ഇതാണു ബോംബ് ലഭിച്ചത് ചാവശേരി ഭാഗത്തുനിന്നാണെന്ന നിഗമനത്തിലേക്കു പൊലീസ് എത്താൻ കാരണം.
ചാവശേരിയിൽ നിന്നാണെന്ന സൂചന ലഭിച്ചതോടെ ചാവശേരി – ഇരിട്ടി റോഡിൽ മൂന്ന് ഇടങ്ങളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.സ്ഫോടനം നടന്ന കാശിമുക്കിലെ വാടക വീട്ടിൽ നിന്നു ചാവശേരിയിലേക്കു രണ്ടു കിലോമീറ്റർ മാത്രമാണ് ദൂരം. ഈ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ റെയ്ഡ് നടത്തി കൂടുതൽ ബോംബുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കും. ഷഹിദുൾ പോയ വഴികളും വീടുകളും കേന്ദ്രീകരിച്ചുളള അന്വേഷണം പുരോഗമിക്കുകയാണ്. ആക്രിയായി കിട്ടിയ സ്റ്റീൽ പാത്രത്തിൽ അമൂല്യമായ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണു നിഗമനം. ഫസൽ ഹഖ് സംഭവസ്ഥലത്തും ഷഹിദുൽ ആശുപത്രിയിലുമാണു മരിച്ചത്.