മട്ടന്നൂർ : മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ മോഷണം. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജിന് സമീപത്തെ ഓഫീസിലാണ് മോഷണം നടന്നത്. ഓഫീസിലെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുപയോഗിക്കുന്ന ചാർജിങ് മെഷീനുകളും വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് നഷ്ടപ്പെട്ടത്. ഇതിന് 75,000 രൂപയോളം വില വരുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എ.സി. സ്ഥാപിക്കുന്നതിനായി ചുമർ തുരന്ന ഭാഗത്തുകൂടിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടം തെർമോകോൾ ഉപയോഗിച്ച് മറച്ചിരുന്നു. അടിവസ്ത്രംകൊണ്ട് മുഖം മറച്ച് മോഷണം നടത്തുന്നയാളുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും ജില്ലയിൽ വിവിധ നഗരങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിനുമാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കൺട്രോൾ റൂം മട്ടന്നൂരിൽ തുറന്നത്.
ഇതിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഓഫീസിൽ മോഷണം നടന്നത്. മട്ടന്നൂർ എസ്.ഐ. ടി.സി.രാജീവന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.