പ്രവാചകനിന്ദ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പള്ളികളിലെ മതപ്രഭാഷണത്തില്‍ വിദ്വേഷ പരാമര്‍ശം പാടില്ലെന്ന പൊലീസ് സര്‍ക്കുലറില്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അത്തരത്തിലൊരു സര്‍ക്കുലര്‍ അനവസരത്തിലുള്ളതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നുമാണ് ഓഫീസ് അറിയിക്കുന്നത്. നോട്ടീസ് നല്‍കിയ എസ്എച്ച്ഒയിലെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.നേരത്തെ സര്‍ക്കുലറിനെതിരെ കടുത്ത വിമര്‍ശനം ഉണ്ടായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നോട്ടീസില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മയ്യില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കമ്മീഷണറെ ലീഗ് നേതാക്കള്‍ കാണുമെന്നും അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം:
കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ട്.രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നു.
വിവാദമായ സര്‍ക്കുലര്‍:
കണ്ണൂര്‍ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നല്‍കിയത്. ജില്ലയിലെ മയ്യില്‍ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്കാണു കഴിഞ്ഞ ദിവസം ഇന്‍സ്പെക്ടറുടെ സീല്‍ പതിച്ച നോട്ടീസ് ലഭിച്ചത്. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിലുള്ളത്. ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാല്‍ അത്തരം വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ക്രമസമാധാനം നിലനിര്‍ത്താനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ചില പള്ളികളില്‍ നോട്ടീസ് നല്‍കിയതെന്ന് മയ്യില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ് പ്രതികരിച്ചു.