മാരക മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 191 ഗ്രാം എംഡിഎംഎയുമായാണ് മലയാളി സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജിതിൻ എന്നിവരെ കർണാടക പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു.