//
11 മിനിറ്റ് വായിച്ചു

അഞ്ചാംപനി പ്രതിരോധം ശക്തമാക്കും: മന്ത്രി

അഞ്ചാംപനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണിത്‌. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും. ആശങ്കപ്പെടേണ്ടെന്നും കുട്ടികൾക്ക് വാക്‌സിൻ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപനത്തിനുമായി ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ മലപ്പുറത്തേക്ക്‌ അയച്ചു. ശനി, ഞായർ ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തും. ഡബ്ല്യുഎച്ച്ഒ പ്രതിനിധിയും മലപ്പുറത്തുണ്ട്. മതിയായ എംആർ വാക്‌സിനും വിറ്റാമിൻ എ സിറപ്പും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചെറിയ കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. ആറു മാസംമുതൽ മൂന്നു വയസ്സുവരെയുള്ളവരിലാണ് കൂടുതലായും രോ​​ഗം വരുന്നത്. കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാകാറുണ്ട്.

രോഗലക്ഷണങ്ങൾ
പനി, ചുമ, കണ്ണ് ചുവക്കുക, ജലദോഷം. മൂന്നുനാലു ദിവസം കഴിയുമ്പോൾ ദേഹമാസകലം ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടും. വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയുമുണ്ടാകും. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽനിന്നോ ചുമ, തുമ്മൽ എന്നിവയിലൂടെയോ രോഗം പകർന്നേക്കാം.
നിർജലീകരണം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് എന്നിവയാണ് അഞ്ചാംപനിയിൽ കൂടുതൽ ബാധിക്കുന്നത്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലെ ഗുരുതരാവസ്ഥയിലേക്ക്‌ നീങ്ങാം.

വാക്‌സിനെടുക്കാം, തടയാം
എംആർ വാക്‌സിൻ എടുക്കലാണ് രോഗം തടയാനുള്ള പ്രധാന മാർഗം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. കുട്ടിക്ക്‌ ഒമ്പതുമാസം കഴിഞ്ഞാലുടൻ ആദ്യ ഡോസും പതിനാറാം മാസം കഴിയുമ്പോൾ രണ്ടാം ഡോസും നൽകണം. ഗവ. ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!