മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടി കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി ചാനലും പത്രപ്രവർത്തക യൂണിയനും കോടതിയെ സമീപിച്ചത്. പ്രക്ഷേപണം വിലക്കിയ നടപടി രാജ്യ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുൻവിധിയോടെയുള്ള നടപടിയാണ് സ്വീകരിക്കപ്പെട്ടത് എന്നായിരുന്നു ചാനലിന്റെ വാദം.