ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പിടിയില്‍.മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്‌സ്യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് വയനാട് സൈബര്‍ പൊലീസ് പിടികൂടിയത്.
ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് സംഘം പൊലീസിന്റെ വലയിലായത്. എറണാകുളം സ്വദേശി അഭിഷേക് (24), പത്തനംതിട്ട സ്വദേശി പ്രവീണ്‍ (24), ബീഹാര്‍ സ്വദേശി സിന്റു ശര്‍മ (31) തമിഴ്‌നാട് സേലം സ്വദേശി അമന്‍(19) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരവധി ആളുകളെ തട്ടിപ്പിന് ഇരയാക്കിയതായാണ് സൂചന.
പരാതിക്കാരനായ വൈത്തിരി സ്വദേശിക്ക് 15 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തില്‍ കണ്ട ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ചെറിയ സംഖ്യ അടയ്ക്കാന്‍ ആദ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പ് സംഘം വിവിധ ഫീസിനങ്ങളില്‍ 12 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ സൈബര്‍ പൊലീസിനെ സമീപിക്കുന്നത്.
ബീഹാറില്‍ നിന്നുള്ള ആളുകളാണ് വ്യാജ കോളിന് പിന്നിലെന്നു കണ്ടെത്തിയ പൊലീസ് കൊറിയന്‍ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികളില്‍ ഒരാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ കോള്‍ സെന്റര്‍ മാഫിയയെ പിടികൂടിയത്. തട്ടിപ്പ് നടത്താനായി ഉപയോഗിച്ച നിരവധി മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.