കണ്ണൂർ : ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടി സി.ഐ.ടി.യു. ബഹിഷ്കരിക്കുന്നു. കണ്ണൂരിൽ ഇന്ന് കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ആന്റണി രാജുവിനെതിരേയാണ് പ്രതിഷേധം.നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ പരിപാടിയാണിത്.
കെ.എസ്.ആർ.ടി.സി.യിലെ പ്രബല സംഘടനായ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) ആണ് ബഹിഷ്കരിക്കുന്നത്. കെ.എസ്.ആർ.ടി.സി.യെ മോശമാക്കുന്ന രീതിയിൽ അസംബ്ലിയിൽ പറഞ്ഞതിലുള്ള പ്രതിഷേധമാണിതെന്ന് കെ.എസ്.ആർ.ടി.ഇ.എ. കണ്ണൂർ യൂണിറ്റ് സെക്രട്ടറി വി.കെ.മനോജ് ആരോപിച്ചു.
ഐ.എൻ.ടി.യു.സി. ഡ്രൈവേഴ്‌സ് യൂണിയൻ കൂട്ടായ്മയായ ടി.ഡി.എഫും ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്. യൂണിയൻ പ്രൊട്ടക്‌ഷൻ വാങ്ങി യൂണിയൻ നേതാക്കൾ പണിയെടുക്കാതെയാണ് ശമ്പളം വാങ്ങുന്നതെന്ന പരാമർശം പ്രതിഷേധാർഹമാണെന്ന് ടി.ഡി.എഫ്. സംസ്ഥാന നേതാവ് എ.എൻ.രാജേഷ് പറഞ്ഞു.
ഇന്ന് രാവിലെ 11-നാണ് മന്ത്രി ആന്റണി രാജു ഡിപ്പോ യാർഡ് ഉദ്ഘാടനം ചെയ്യുക.രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ ചെലവഴിച്ചാണ് യാർഡ് നിർമിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിയാണ് അധ്യക്ഷൻ. കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് എം.ഡി. ബിജു പ്രഭാകർ അടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്.
കെ.എസ്.ആർ.ടി.സി. യൂണിയൻ ജീവനക്കാർ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്ന പരാമർശം മന്ത്രി നിയമസഭയിൽ പറഞ്ഞത് പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ടോമിൻ തച്ചങ്കരി മുമ്പ് പറഞ്ഞപ്പോൾ ഇത് തിരുത്തിക്കൊടുത്തതാണ്.ജോലിചെയ്താലെ ശമ്പളമുള്ളൂ എന്ന് ഓരോ ജീവനക്കാർക്കും അറിയാം. പൊതുജനമധ്യത്തിലും മാധ്യമങ്ങൾക്ക് മുന്നിലും കെ.എസ്.ആർ.ടി.സി. ജീവനക്കാർ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്നത് നീതീകരിക്കാനാകില്ല.കെ.എസ്.ആർ.ടി.സി.യെ മോശമാക്കുന്ന രീതിയിൽ അസംബ്ലിയിൽ പറഞ്ഞതിലാണ് പ്രതിഷേധമെന്നും അവർ പറഞ്ഞു.