ചെന്നൈ
തമിഴ്നാട്ടില്‍ അസാധാരണ നീക്കത്തിലൂടെ ഡിഎംകെ മന്ത്രി വി സെന്തിൽ ബാലാജിയെ ഗവർണർ ആർ എൻ രവി മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. പ്രതിഷേധം ശക്തമായതിനു പിന്നാലെ നടപടി ഗവർണർ മരവിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാര്‍ശയില്ലാതെയാണ് സെന്തിൽ ബാലാജിയെ പുറത്താക്കിയത്. മുഖ്യമന്ത്രി അറിയാതെ ഗവര്‍ണര്‍ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് ആദ്യം. മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ഗവര്‍ണര്‍ക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെ അദ്ദേഹത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. ഗവർണറുടെ നിയമവിരുദ്ധ നടപടി നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്. ഗവർണർ ഇക്കാര്യം മുഖ്യമന്ത്രി സ്‌റ്റാലിനെ അറിയിച്ചു. അറ്റോർണി ജനറലിനോട് നിയമോപദേശം തേടിയശേഷം തുടർനടപടി എടുക്കുമെന്ന് ഗവർണർ സ്‌റ്റാലിനെ അറിയിച്ചതായാണ് വിവരം.
ഏഴുവര്‍ഷംമുമ്പ് ജയലളിതയുടെ എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്ന കേസില്‍ ഈ മാസം 14ന് ഇഡി അറസ്റ്റ് ചെയ്ത ബാലാജി നിലവില്‍ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്റെ വിശദീകരണം. ഇതിന്റെ നിയമ, ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെട്ടതോടെയാണ് നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചത്.
അറസ്റ്റിനു പിന്നാലെ ബാലാജി കൈകാര്യം ചെയ്ത വൈദ്യുതി, എക്സൈസ് അടക്കമുള്ള വകുപ്പുകള്‍ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാർക്ക് കൈമാറിയിരുന്നു. ഇതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ബാലാജിയെ വകുപ്പില്ലാമന്ത്രിയായി നിലനിര്‍ത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനോട് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചു. എന്നാല്‍, വകുപ്പില്ലെങ്കിലും ബാലാജി മന്ത്രിയായി തുടരുമെന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായാണ് ഗവർണറുടെ അസാധാരണ നടപടിയുണ്ടായത്. മന്ത്രിസഭയില്‍ ബാലാജി തുടരുന്നത് ചോദ്യംചെയ്ത ഹര്‍ജികള്‍ ജൂലൈ ഏഴിന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
തമിഴ്നാട് സെക്രട്ടറിയറ്റില്‍ കടന്നുകയറിയുള്ള റെയ്ഡിനും 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുമൊടുവിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അര്‍ധരാത്രി നാടകീയമായി അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ കൊങ്കുദേശ മേഖലയില്‍ സ്വാധീനമുള്ള നേതാവായ ബാലാജി 2018ൽ ഡിഎംകെയിൽ എത്തിയശേഷമാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര ഏജന്‍സികളുടെ നീക്കമുണ്ടായത്. കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയവെ കോടതി അനുമതിയോടെ ബാലാജി ഹൃദയശസ്ത്രക്രിയക്ക് വിധേയനായി.