ആസ്റ്റർ വളണ്ടിയേഴ്സ്- ആസ്റ്റീരിയൻ യുണൈറ്റഡ്, വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ, ആസ്റ്റർ ഹോസ്പിറ്റൽസ് സംയുക്തമായി ഏർപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നേത്ര പരിശോധനാ പദ്ധതി ‘ക്ലിയർ സൈറ്റി’ ൻ്റെ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. ഹൈബ്രിഡ് വിദ്യാഭ്യാസ രീതികൾ ആരംഭിച്ചതോടെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിലേക്കും സോഷ്യൽ മീഡിയയിലേക്കുമുള്ള വാതിൽ തുറന്നു. തത്ഫലമായി കുട്ടികളിൽ തിരിച്ചറിയപ്പെടാത്ത കാഴ്ചത്തകരാറുകൾ വർദ്ധിക്കുകയും നേത്രരോഗങ്ങൾ സാധാരണമാകുകയും ചെയ്തു. ഇത് ഗുരുതരമായ പ്രശ്നമായി മാറുകയാണ്. ആസ്റ്റർ വളണ്ടിയർമാരുടെയും വൺ സൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ്റെയും “ക്ലിയർ സൈറ്റ്” പദ്ധതി സ്കൂൾ കുട്ടികൾ കാഴ്ച മെച്ചപ്പെടുത്തുകയും അവരുടെ വിദ്യാഭ്യാസത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിച്ച് അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകൾ സ്ഥാപിക്കുകയും കുട്ടികൾക്ക് രോഗം നിർണയിച്ചാലുടൻ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകൾ നൽകുകയും ചെയ്യും. വർദ്ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയർ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ നിർധനരായ സമൂഹങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകളും ദുരന്തനിവാരണ സഹായവും നൽകിക്കൊണ്ട് ആരോഗ്യ സംരക്ഷണ ലഭ്യതയിലെ വിടവ് നികത്തുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൻ്റെ സിഎസ്ആർ സംരംഭമായ ആസ്റ്റർ വളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസസ് ലക്ഷ്യമിടുന്നത്.
ഗുണമേന്മയുള്ള ആരോഗ്യപരിചരണം എല്ലാവർക്കും എവിടെയും ലഭ്യമാക്കുക എന്നതിന് ആസ്റ്റർ വളണ്ടിയേഴ്സ് പ്രതിജ്ഞാബദ്ധരാണ്. ക്ലിയർ സൈറ്റ് പദ്ധതി അതിനുള്ള ഉദാഹരണമാണ്. രാജ്യത്തിന്റെ ഭാവിനേതാക്കൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള അടിസ്ഥാന അവകാശം സാദ്ധ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെങ്ങ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിൻ്റെ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ പറഞ്ഞു. കേരളത്തിലുടനീളം ആളുകൾക്ക് മികച്ച നേത്രസംരക്ഷണം ഉറപ്പാക്കുന്നതിനായി ആസ്റ്റർ ഗ്രൂപ്പുമായും കേരള സർക്കാരുമായും പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നുവെന്നും നേത്രസംരക്ഷണം നൽകുക മാത്രമല്ല, എല്ലാവർക്കും ശോഭനവും നീതിയുക്തവുമായ ഒരു നാളെയെ രൂപപ്പെടുത്തുകയും ചെയ്യുകയാണ് ക്ലിയർ സൈറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ ഹെഡ് കെ.വി മഹേഷ് പറഞ്ഞു.