പത്തനംതിട്ട> അട്ടത്തോട് ചാലക്കയം ആദിവാസി ഊരിൽ വന്യജീവിയുടെ ആക്രമണത്തിന് ഇരയായ മൂന്ന് വയസുകരാൻ സുബീഷിനെ മന്ത്രി വീണാ ജോർജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഭാസ്കരന്റെയും മഞ്ജുവിന്റെയും മകനെ രണ്ടു ദിവസം മുമ്പാണ് വന്യജീവി ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പുലിയാണ് ആക്രമിച്ചതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയുടെ തലയിൽ 11 തുന്നലുണ്ട്. അടച്ചുറപ്പില്ലാത്ത ഷീറ്റ് കൊണ്ട് മറച്ച കുടിലിലാണ് കുടുംബം താമസിക്കുന്നത്. ഭാസ്കരനും കുടുംബവും പ്രദേശത്തെ സ്ഥിര താമസക്കാരല്ലെന്നും വനത്തിൽ നിന്ന് കുന്തിരിക്കവും മറ്റ് വന വിഭവങ്ങളും എടുക്കുന്നതിന് താൽക്കാലികമായാണ് കുടുംബം ഇവിടെ താമസിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലാപ്പള്ളിയിലാണ് ഇവരുടെ സ്ഥിര താമസം.