അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.കെ.കെ.രമയ്ക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.
എം.എം.മണിക്ക് ചിമ്പാൻസിയുടെ മുഖമാണെന്നായിരുന്നു കെ.സുധാകരൻ എംപി പരിഹാസം. യഥാർത്ഥ മുഖമല്ലേ ഫ്ലെക്സിൽ കാണിക്കാൻ പറ്റു. മുഖം ചിമ്പാൻസിയെ പോലെ ആയതിൽ സൃഷ്ടാവിനോട് പരാതിപ്പെടണം. കോൺഗ്രസ് എന്ത് പിഴച്ചെന്നും കെ.സുധാകരൻ പറഞ്ഞു.
ചിമ്പാൻസിയുടെ ഉടലിൽ എം.എം.മണിയുടെ തല വച്ചുള്ള മഹിളാ കോൺഗ്രസ് പ്രധിഷേധത്തെ കെപിസിസി അധ്യക്ഷൻ പിന്തുണച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചത് അന്തസുള്ളത് കൊണ്ട്. എം.എം.മണിക്ക് തറവാടിത്തമില്ലെന്നും സുധാകരൻ പറഞ്ഞു.
നിയമസഭയിലേക്കാണ് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്. മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ.രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചു.
കെ.സുധാകരന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ ചിന്തിക്കാതെ പറഞ്ഞുപോയതാണ്. തെറ്റിനെ തെറ്റായി കാണുന്നുവെന്നും ന്യായീകരിക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം.
എം.എം.മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യിൽ വെച്ചേരെ …
ഇവിടെ നിന്നും തരാനൊട്ടില്ല താനും……