/
15 മിനിറ്റ് വായിച്ചു

കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു

കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാന്‍ ഉണ്ട്.

കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കാണ് 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആദ്യം വിവരങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാകുന്നില്ല. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂര്‍ണ വിവരങ്ങള്‍ നല്‍കുന്നില്ല. കൂടുതല്‍ പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്‌ക് വിഭാഗത്തില്‍ രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് ആളുകളുമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.

കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുരങ്ങുവസൂരി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകള്‍ക്കും ഗൈഡ്‌ലൈന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!