/
9 മിനിറ്റ് വായിച്ചു

‘ചോദിച്ച പണം നല്‍കിയില്ല’; മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. എറണാകുളം നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മകന്‍ കിരണ്‍ കുഞ്ഞുമോനെ പൊലീസ് റിമാന്‍ഡ് ചെയ്തു .

ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം . കിരണ്‍ കുഞ്ഞുമോന്‍ മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ മേരി തയാറായില്ല.ഇതില്‍ പ്രകോപിതനായ കിരണ്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് മാതാവിനെ കുത്തുകയായിരുന്നു.

കിരണിന്റെ ആക്രമണത്തിൽ മേരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിൽ എത്തിച്ചത്.

ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയതോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ കിരൺ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയിൽ ആരംഭിച്ച വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് വിവരം. അക്രമം നടക്കുമ്പോൾ ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിരൺ വിവാഹിതനാണ്.

നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യയായിരുന്നു 42 കാരിയായ മേരി. നായത്തോട് സൗത്തിൽ ഐ എൻ ടി യു സി ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു 27കാരനായ കിരൺ.  അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ് ഇയാൾ. മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!