കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.
മുരളിയുടെ വാക്കുകൾ –
തിരുവനന്തപുരം മേയറെ വിമർശിച്ചതിൻ്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി… അതിന് വിവരമില്ലാന്ന് മനസ്സിലായി… ആരെങ്കിലും ചെയ്യുമോ… രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്… അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ…?