//
14 മിനിറ്റ് വായിച്ചു

വധ ഗൂഢാലോചന കേസ്; ‘വിഐപി’ ശരത്തിനെ ആറാം പ്രതിയാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. കേസില്‍ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശരത്തിനെ ക്രൈം ബ്രാഞ്ച് കളമശ്ശേരിയിലെ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിനെ പ്രതിചേര്‍ക്കാനുള്ള തീരുമാനം പുറത്ത് വരുന്നത്.ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിയിരുന്നു ആറാം പ്രതിയെ രേഖപ്പെടുത്തിയിരുന്നത്. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ ശരത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വിഐപി ശരത് ആണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നതായും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചിരുന്നു.കേസിന്റെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത്ത്. എന്നാല്‍ ഇയാളെ ഗൂഢാലോചന കേസില്‍ പ്രതിയാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.ഗൂഢാലോചന കേസില്‍ കഴിഞ്ഞ ദിവസം ആറ് മണിക്കൂറായിരുന്നു അന്വേഷണ സംഘം ശരത്തിനെ ചോദ്യം ചെയ്തത്. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ തള്ളുന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചത് എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ‘വിഐപി’ എന്ന് അറിയപ്പെടുന്ന ശരത്ത് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!