തിരുവനന്തപുരം: മലയാള സിനിമാ സംഗീത സംവിധായകന് ആര്. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന് ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന് സുരേഷ് ഉണ്ണിത്താന് ഇളയ സഹോദരനാണ്. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. ‘സംഗീത സംവിധായകനും ഗായകനുമായിരുന്ന സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല’, എന്നാണ് അനുശോചനം രേഖപ്പെട്ടുത്തി ഗായകൻ ജി വേണുഗോപാൽ കുറിച്ചത്. “പുളിയിലക്കരയോലും പുടവചുറ്റി കുളുർ ചന്ദനത്തൊടുകുറി ചാർത്തി…”ഈ ഒരൊറ്റ ഗാനം മതി ആർ സോമശേഖരൻ എന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്താൻ..ആദരാഞ്ജലികൾ”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്.
ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരന്‍ സിനിമയിലെത്തുന്നത്. ജാതകത്തിലെ ‘പുളിയിലക്കരയോലും’ എന്ന ഗാനം ശ്രദ്ധനേടിയിരുന്നു. ആര്‍ദ്രം, വേനല്‍ക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റര്‍ പവനായി 99.99, അയാള്‍, ഈ അഭയതീരം തുടങ്ങിയവയാണ് സോമശേഖരന്‍ സംഗീതം നൽകിയ മറ്റ് സിനിമകൾ.