കണ്ണൂർ:ദേശീയതലത്തിൽ മുസ്ലിം ലീഗിൻറെ ഔന്നിത്യം ഉയർത്തിപ്പിടിക്കുകയും ലോകരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് മുസ്ലിം ലീഗ് ദേശീയപ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് പറഞ്ഞു. സന്ദർശനാർത്ഥം കണ്ണൂരിൽ എത്തിയ അദ്ദേഹം ഇ. അഹമ്മദ് സാഹിബിന്റെ ഖബർ സിയാറത്ത് ചെയ്തതിനു ശേഷം മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ കാലം മുതൽ തന്നെ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ സംഘടനാ പ്രവർത്തനത്തിന് പേരും പെരുമയും നേടിയ ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേതെന്നും പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ അഹമദ് സാഹിബിന്റെ പാത പിന്തുടർന്നു അതിനേക്കാൾ ശക്തമായ വിധത്തിൽ സംഘടനാ പ്രവർത്തനം നടത്തുന്ന ജില്ലാ കമ്മിറ്റി യാണ് കണ്ണൂരിലേതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് നേതൃത്വം നൽകുന്ന ജില്ലാ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. വളരെ നല്ല നിലയിൽ സജ്ജീകരിച്ചിട്ടുള്ള ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ആയ ബാഫഖി തങ്ങൾ സൗധം അദ്ദേഹം സന്ദർശിച്ചു. ഓഫീസിന്റെയും പാർട്ടിയുടെയും പ്രവർത്തനത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ തമിഴ്നാട് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം അബൂബക്കർ, എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി സി എച്ച് മുഹമ്മദ്അർഷദ്എന്നിവരോടൊപ്പം എത്തിയ ഖാദർ മൊയ്തീൻ സാഹിബിനെ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഭാരവാഹികളായ വി പി വമ്പൻ, ടി എ തങ്ങൾ, കെ ടി സഹദുള്ള എന്നിവർ സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.കെ എം അബൂബക്കർ, സി എച്ച് മുഹമ്മദ്അർഷദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾക്ക് പുറമെ വനിതാ ജില്ലാ പ്രസിഡണ്ട് സി. സീനത്ത്, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ഫാറൂഖ് വട്ടപ്പൊയിൽ, പി.സി അഹമ്മദ് കുട്ടി , സി. എറമുള്ളാൻ, റിയാസ് കാനച്ചേരി, സൈനുദ്ദീൻ മൗവഞ്ചേരി, എം.പിമുഹമ്മദലി,ബി കെ അഹമ്മദ് , അസ്ലംപാറേത്ത്തുടങ്ങിയവരും സന്നിഹിതരായിരുന്നു.