തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനത്തിൽ സിപിഎമ്മിനുള്ളിൽ പുതിയ വിവാദം. തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുപറഞ്ഞു. ”ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഒത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും”- എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആയി ഏകീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഭരണമുന്നണിയിലെ യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതോടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഒക്ടോബർ 29ലെ ഉത്തരവ് മരവിപ്പിച്ചു. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു നിർണായകവും നയപരവുമായ വിഷയത്തിൽ ധനവകുപ്പ് ഉത്തരവിറക്കിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ തികച്ചും അസാധാരണമാണ്. പുതിയ സംസ്ഥാന സെക്രട്ടറിയുടെ കീഴിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.