ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം ഭർത്താവും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന മിക്കവരും വിദേശത്തായതിനാൽ ഇവരുടെ മൊഴിയെടുപ്പ് പൊലീസിന് മുന്നിൽ കടമ്പയാണ്. ഭാര്യയും സുഹൃത്തായ അനീഷും തമ്മിലെ ബന്ധത്തെകുറിച്ച് പ്രകാശ് അന്വേഷിച്ചിരുന്നതായി കുടുംബ സുഹൃത്തായ അമൽ പറഞ്ഞു.വിദേശത്തുള്ള ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമെതിരെ രൂക്ഷ വിമർശനങ്ങളുള്ള ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷമാണ് പ്രകാശ് ദേവരാജ്, മകനൊപ്പം ജീവനൊടുക്കിയത്. ഓരോരുത്തരുടെയും പേരുകള്‍ എടുത്തു പറഞ്ഞുള്ള ആരോപണങ്ങളായതിനാൽ ആത്മഹത്യാ പ്രേരണകുറ്റം കണ്ടെത്താൻ പൊലീസ് വിശമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. വിദേശത്തുള്ള നൃത്ത അധ്യാപികയായ ഭാര്യ ശിവകലയ്ക്കും സുഹൃത്തായ അനീഷിനുമെതിരെയാണ് പ്രധാന ആരോപണങ്ങള്‍. അനീഷിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം മേക്കപ്പ് ആർട്ടിസ്റ്റിയ അമലിന് അറിയാമെന്ന് പ്രകാശിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.എന്നാൽ കലാപരിപാടികളിൽ സ്റ്റേജ് തയ്യാറാക്കാൻ വരുന്ന വ്യക്തിയെന്ന നിലയിലുള്ള ബന്ധം മാത്രമാണ് അനീഷുമായി ഉള്ളതെന്നാണ് അമൽ പറയുന്നത്.
അഞ്ചു ദിവസം മുമ്പ് ഫോണിൽ വിളിച്ച പ്രകാശ് അനീഷും ശിവകലയും തമ്മിലെ ബന്ധത്തെ കുറിച്ച് ചോദിച്ചതായി അമൽ പറയുന്നു. പ്രകാശിന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നവരിൽ അനീഷിന്റെ അമ്മയൊഴികെ മറ്റെല്ലാവരും വിദേശത്താണ്. അതിനാൽ ഇവരുടെ മൊഴിയെടുക്കൽ വെല്ലുവിളിയാണ്. അപകടത്തെ കുറിച്ച് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് കൂടി നോക്കിയാകും പൊലീസിന്റെ തുടർനടപടികൾ.മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു.