ചന്ദ്രോപരിതലത്തില്‍ റഷ്യയുടെ ലൂണ 25 പേടകം ഇടിച്ചിറങ്ങിയ പ്രദേശം കണ്ടെത്തിയതായി നാസ.
ലൂണാര്‍ റിക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ കഴിഞ്ഞ ദിവസം ഒരു പുതിയ ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ലൂണ 25 പേടകം ഇടിച്ച് ഇറങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായതാണ് ഈ ഗര്‍ത്തം ആണെന്നാണ് റിപ്പോര്‍ട്ട്.
2022 ജൂണില്‍ പകര്‍ത്തിയ ചിത്രവും എല്‍ആര്‍ഒ ഏറ്റവും പുതിയതായി പകര്‍ത്തിയ ചിത്രവും നാസ പങ്കുവെച്ചു. ജൂണില്‍ പകര്‍ത്തിയ ചിത്രത്തില്‍ ഈ ഗര്‍ത്തം ഇല്ല. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായുള്ള ഭ്രമണ പഥ ക്രമീകരണത്തിന് ഇടെയാണ് ലൂണ-25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രൻ്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.
പത്ത് മീറ്റര്‍ വ്യാസം ഉള്ളതാണ് ഈ ഗര്‍ത്തം. ചന്ദ്രനില്‍ 57.865 ഡിഗ്രി തെക്കന്‍ അക്ഷാംശത്തിലും 61.360 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
നാസയുടെ ഗോഡ്ഡാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററാണ് ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ കൈകാര്യം ചെയ്യുന്നത്.