തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ്-യു ജി (നാഷണൽ എലിജിബിളിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവറ്റ്) പരീക്ഷ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെ നടക്കും. പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സുതാര്യമായ വെള്ളക്കുപ്പി കൈവശം വയ്ക്കാം.
1:30ന് ശേഷം പ്രവേശനമില്ല.രണ്ട് മണിക്കാണ് പരീക്ഷ തുടങ്ങുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. 1.15 മുതൽ ഹാളിൽ പ്രവേശിക്കാം. 1.30 മുതൽ 1.45 വരെ പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകുകയും അഡ്മിറ്റ് കാർഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ.
തിരിച്ചറിയൽ കാർഡ് വേണം.ഫോട്ടോയുള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി വേണം പരീക്ഷയ്ക്കെത്താൻ. പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ അഡ്മിറ്റ് കാർഡ് (ഫോട്ടോ ഉള്ളത്), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐ ഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ഭിന്നശേഷിക്കാർ ഇത് തെളിയിക്കുന്ന സർട്ടിഫക്കറ്റും കൈയിൽ കരുതണം.