എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍. തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പലതും ലഭിച്ചില്ല. പരാതികള്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.ജെഡിഎസുമായി മാത്രമല്ല ലയന ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി, ജെഡിയു നേതാക്കളുമായും ചര്‍ച്ച നടത്തി. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ജെഡിഎസ് എല്‍ജെഡിയില്‍ ലയനം നടക്കും. അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്നും എം വി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.
‘പലയിടങ്ങളിലും എല്‍ജെഡിയെ എല്‍ഡിഎഫ് നേതൃത്വം പരിഗണിച്ചിട്ടില്ല.അര്‍ഹമായ പല സ്ഥാനങ്ങളും ലഭ്യമായിട്ടില്ല. പക്ഷേ അതൊന്നും പൊതുവേദിയില്‍ പറയാനാകില്ല. മുന്നണിക്കകത്ത് തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. ഘടകക്ഷിയെന്ന നിലയില്‍ അര്‍ഹമായ പരിഗണന എല്‍ജെഡിക്ക് കിട്ടിയിട്ടില്ലെന്നും ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എല്‍ജെഡിയുടെ സംസ്ഥാന നേതൃയോഗം കണ്ണൂരില്‍ ചേര്‍ന്നിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. മുന്നണിക്കകത്ത് അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പാര്‍ട്ടിക്ക് പരാജയം നേരിട്ടു എന്നിങ്ങനെയായിരുന്നു വിമര്‍ശനം. ഇതുകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് എം വി ശ്രേയാംസ്‌കുമാറിന്റെ പ്രസ്താവനകള്‍.