തളിപ്പറമ്പ് : പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്ക് തളിപ്പറമ്പ് റസ്റ്റ് ഹൗസ് വളപ്പിൽ പുതിയ കെട്ടിടമൊരുങ്ങുന്നു. പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗം അസി. എൻജിനീയറുടെ കാര്യാലയം, റോഡ്സ് വിഭാഗം സബ് ഡിവിഷണൽ അസി. എൻജിനിയറുടെ ഓഫീസ് എന്നിവയ്ക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യമൊരുക്കുന്നത്.
ഈ പൊതുമരാമത്ത് ഓഫീസുകൾ ഇപ്പോൾ രണ്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. രണ്ടും പഴക്കമേറിയ കെട്ടിടങ്ങളിലാണ്. പോസ്റ്റ് ഓഫീസിനുസമീപം റസ്റ്റ് ഹൗസ് വളപ്പിലെ ഓഫീസ് പൊളിച്ചുമാറ്റിയാണ് പുതിയ നിർമാണത്തിന് സ്ഥലമൊരുക്കിയത്.രണ്ടുകോടിയോളം രൂപ ചെലവിൽ രണ്ടുനില കെട്ടിടമാണ് നിർമിക്കുന്നത്. ഭാവിയിൽ ബഹുനിലയിൽ പൂർത്തിയാക്കുംവിധമാണ് അടിത്തറയുടെ നിർമാണം.
റോഡ്സ് വിഭാഗം ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ മിനി സിവിൽ സ്റ്റേഷനിലേക്ക് പുതിയകവാടം നിർമിക്കാനുമാകും.മിനി സിവിൽ സ്റ്റേഷന് പ്രത്യേക കവാടം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ പൊതുമരാമത്ത് ഓഫീസ് കെട്ടിടമാണ് വഴിമുടക്കുന്നത്. പൊളിച്ചുമാറ്റുന്ന കാര്യം പലകുറി ചർച്ചചെയ്തിരുന്നുവെങ്കിലും ഓഫീസിന് പകരം സ്ഥലം കണ്ടെത്താനായിരുന്നില്ല.