2013 ലെ പാഠപുസ്തക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ചും പുരോഗമന വിദ്യാഭ്യാസ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചും പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്ന് സംസ്ഥാന സർക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. അതോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്കുള്ള പ്രതിലോമാശയങ്ങളുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് ആവശ്യവും പരിഷത്ത് മുന്നോട്ടു വെക്കുന്നു. ഈ ആവശ്യവുമായി സംവാദം സംഘടിപ്പിക്കാനും പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. ആദ്യ സംവാദം ഈ മാസം 26ന് വൈകിട്ട് 4.30ന് കണ്ണൂർ പഴയ ബസ് സ്റ്റാന്‍റിൽ നടക്കും. ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി ദേശീയ സമിതി അധ്യക്ഷൻ ഡോ.സി. രാമകൃഷ്ണൻ വിഷയം അവതരിപ്പിക്കും. തുടർന്ന് കണ്ണൂർ ജില്ലയിലെ 14 കേന്ദ്രങ്ങളിലും സംവാദ പരിപാടി തുടരും.