മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്/ പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ നാല് എസ്‌യുവികള്‍ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാര്‍ണിവലുമാണ് വാങ്ങുന്നത്. നേരത്തെ വാങ്ങാന്‍ തീരുമാനിച്ച ടാറ്റ ഹാരിയറിന് പകരം കിയ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. നാല് വാഹനങ്ങള്‍ക്കും കൂടി 88,69,841 രൂപയാണ് വകയിരിത്തിയിരിക്കുന്നത്. കിയ കാര്‍ണിവലിന് മാത്രം 33,31,000 രൂപയാണ് വില.നിലവില്‍ ഉപയോഗത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലകളുടെ പ്രധാന്യം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ എസ്‌കോര്‍ട്ട്/ പൈലറ്റ് ഡ്യൂട്ടിക്കായി തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിര്‍ത്തണമെന്നും ഡിജിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ഇന്നോവകളും കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് അനുമതി നല്‍കണമെന്നുമുള്ള ഡിജിപിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉത്തരവിറക്കിയിരിക്കുന്നത്.