7 മിനിറ്റ് വായിച്ചു

നവദമ്പതികളുടെ തല കൂട്ടിയിടിക്കൽ; പൊലീസ്‌ കേസെടുത്തു

കൊല്ലങ്കോട്> വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പല്ലശന തെക്കുംപുറം എൽ സുഭാഷിനെതിരെയാണ്‌ കേസെടുത്തത്‌. ഇയാളെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. പല്ലശന സ്വദേശി സച്ചിന്റെയും മുക്കം സ്വദേശിനി സജ്‌ലയുടെയും വിവാഹച്ചടങ്ങിനുശേഷം വരന്റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഇരുവരുടെയും തല പിന്നിൽനിന്ന സുഭാഷ് ശക്തിയായി കൂട്ടിയിടിച്ചത്. വധു കരഞ്ഞ്‌ വീട്ടിലേക്ക് കയറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പല്ലശനയിലെ ഒരു വിഭാഗക്കാരുടെ ആചാരമാണെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാൽ, ഇത്തരം ആചാരമില്ലെന്ന്‌ മുതിർന്നവരും പഞ്ചായത്ത് പ്രസിഡന്റ്‌ എൽ സായ്‌രാധയും വ്യക്തമാക്കി. വിവരമറിഞ്ഞ വനിതാ കമീഷൻ സ്വമേധയാ കേസെടുത്ത് കൊല്ലങ്കോട് പൊലീസിനോട് അന്വേഷണത്തിന്‌ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌, ജില്ലാ നിർവാഹക സമിതി അംഗം പി എസ് പ്രമീള, ഏരിയ സെക്രട്ടറി സതി ഉണ്ണി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി ലീലാമണി, പഞ്ചായത്ത് പ്രസിഡന്റ്‌ എൽ സായ്‌രാധ, പി ഗീത, ആർ അംബിക എന്നിവർ സജ്‌ലയെ സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് കൊല്ലങ്കോട് പൊലീസ്‌ വിശദമായി അന്വേഷിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!