നഗരത്തിനകത്ത് സ്വകാര്യബസുകളുടെ ഹോണടി നിയന്ത്രണവുമായി ഹൈക്കോടതി. സ്വകാര്യബസുകള്‍ നഗരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവിറക്കാന്‍ പൊലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും കോടതി നിര്‍ദേശവും നൽകി. അതേസമയം ബസുകൾക്ക് പുറമേ ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ബാധകമാക്കിയേക്കും. സ്വകാര്യബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ വാഹനങ്ങൾക്കുള്ള നിയന്ത്രണം വേഗം കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചിൽ നിന്നാണ് നിർദേശം. പെരുമ്പാവൂർ നഗര പരിധിയിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശം.